കാസർകോട്:പ്രാക്തന ഗോത്ര വർഗ്ഗമായ കൊറഗ വിഭാഗത്തിന്റെ ആരാധനാ മൂർത്തി”കൊറഗജ്ജ”യുടെ രൂപത്തിൽ നവവര വേഷം ധരിച്ച ഉപ്പളയിലെ
ഉമറുല്ല ബാത്തിഷയുടെ വീടിന് നേരെ അക്രമം.ജനലുകൾ എറിഞ്ഞു തകർക്കുകയും ചുമരിലും മതിലിലും പെയിന്റ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തതായി വീട്ടുകാർ കുമ്പള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇന്നലെ രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടുപേർ സ്ഥലംവിടുന്നത് കണ്ടതായി പരാതിയിൽ പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിൽ ബണ്ട്വാൾ കൊൾനാട് ഗ്രാമത്തിൽ സലെത്തൂരിലെ വധൂഗൃഹത്തിലേക്ക് ഈമാസം ആറിന് രാത്രിയാണ് നവവരനെ വിവാദ വേഷത്തിൽ ചങ്ങാതിമാർ ആനയിച്ചു കൊണ്ടുപോയത്.ദേഹമാസകലം കരിപുരട്ടിയ വരനെ കൊറഗജ്ജക്ക് സമാന ഹാരങ്ങൾ അണിയിക്കുകയും പാളത്തൊപ്പി ധരിപ്പിക്കുകയും ചെയ്തിരുന്നു.പ്രത്യേക രീതിയിൽ നൃത്തം വെക്കുകയും ചെയ്തു.
വരനും ഒപ്പമുണ്ടായിരുന്ന 25 പേർക്കെതിരേയും കർണാടക വിട്ടള പൊലീസ് കേസെടുക്കുകയും രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.കൊറഗജ്ജയെ അവഹേളിച്ചതിന് എതിരെ കർണാടകയിൽ ഹിന്ദു ജാഗരണ വേദി, ബജ്റംഗ്ദൾ പ്രവർത്തകർ പ്രക്ഷോഭത്തിലാണ്.ഇതിന്റെ അനുബന്ധമാണ് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ അക്രമം എന്ന് പൊലീസ് പറഞ്ഞു.



