മലപ്പുറം: തിരുനാവായയില്‍ സില്‍വര്‍ ലൈന്‍ അതിരുകല്ലുകള്‍ ഇറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൊഴിലാളികള്‍ ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് കയറ്റി. ഇവ സൂക്ഷിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു മുമ്പ് കുറ്റികള്‍ സൂക്ഷിച്ചിരുന്നത്. ഇത് റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. അല്ലാതെ അതിരുകല്ല് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. ഉദ്യോഗസ്ഥരാരും തന്നെ തൊഴിലാളികള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.
എന്നാല്‍ തൊഴിലാളികള്‍ പറഞ്ഞത് നാട്ടുകാര്‍ നിഷേധിച്ചു. ഇറക്കിയ നൂറോളം കുറ്റികളാണ് നാട്ടുകാര്‍ വാഹനത്തിലേക്ക് തിരിച്ചുകയറ്റിയത്. സില്‍വര്‍ ലൈന്‍ സമരം ഏറ്റവും ശക്തമായ പ്രദേശമാണിത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് കല്ലിടല്‍ നിര്‍ത്തിയത്. ജിപിഎസ് സര്‍വ്വേയിലേക്ക് മാറാനാണ് തീരുമാനം. എന്നാല്‍ അതും തുടങ്ങിയിട്ടില്ല.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.



