സ്വന്തം ലേഖകന്‍
കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് അന്തിമതീരുമാനം 10ന് ഉണ്ടാവും. മന്ത്രി ആന്റണി രാജു പങ്കെടുക്കുന്ന യോഗത്തിലാവും തീരുമാനം. ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍്കകാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതിന് 20 കോടി രൂപ ചെലവ് വരും. ചെലവ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കും. 2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. തൂണുകള്‍ ബലപ്പെടുത്തുമ്പോള്‍ അടിത്തറയെ എങ്ങനെ ബാധിക്കും എന്ന സംശയം ഐ.ഐടിയിലെ വിദഗ്ധര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബലപ്പെടുത്തല്‍ എങ്ങനെ വേണം എന്ന് തീരുമാനിക്കുക.
ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ പരിശോധനയിലാണ് തൂണുകളുടെ ബലക്ഷയം വ്യക്തമായത്. കെട്ടിടത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ അറ്റകുറ്റപണി നടത്തേണ്ടിവരും എത്ര തുക ഇതിനായി ചെലവ് വരും എന്നതെല്ലാം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം ചെന്നൈ ഐ.ഐ.ടി തയാറാക്കും.
അതനുസരിച്ചായിരിക്കും ബാക്കിയുള്ള നടപടി. ബസ് സ്റ്റാന്റ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. അങ്ങനെയല്ലാതെ ജോലി നടത്താന്‍ പറ്റുമോ എന്നാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ മൂന്ന് കോടി രൂപ അധിക ചെലവ് വരും. ഇത് ആര് വഹിക്കും എന്നതും ചര്‍ച്ചയാണ്. കെ.ടി.ഡി.എഫ്.സി ഈ തുകയും വഹിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നത്.
ടെര്‍മിനലിന്റെ 90 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നായിരുന്നു ഐ.ഐ.ടിയുടെ പ്രഥമ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനുശേഷം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി 25 ശതമാനം തൂണുകള്‍ ബലപ്പെടുത്തിയാല്‍ മതിയാവും എന്ന നിഗമനത്തിലെത്തി. ഇത് അംഗീകരിക്കാന്‍ ഐ.ഐ.ടിയിലെ വിദഗ്ധര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഇരുകൂട്ടരും ചര്‍ച്ച നടത്തിയാണ് 70 ശതമാനം തൂണുകള്‍ കോണ്‍ക്രീറ്റും സ്റ്റീല്‍പാളികളും ഉപയോഗിച്ച് ബലപ്പെടുത്താന്‍ ധാരണയായത്.
അതേസമയം, നിര്‍മാണജോലി ഏറ്റെടുത്ത കമ്പനിയും മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരും രൂപകല്‍പന ചെയ്ത ആര്‍ക്കിടെക്ടും കെട്ടിടത്തിന് ബലക്ഷയം വന്നതില്‍ ഉത്തരവാദികളാണെന്ന ആരോപണം ശക്തമാണ്. 74.63 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇത്തരത്തില്‍ ബലക്ഷയം ഉണ്ടായത് ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്.
ദൈനംദിന ചെലവിന് പോലും പ്രയാസപ്പെടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ടെര്‍മിനല്‍ അറ്റകുറ്റപണി വലിയ ബാധ്യതയാവും എന്നതിനാലാണ് കെ.ടി.ഡി.എഫ്.സിയെ ഏല്‍പിക്കുന്നത്. എന്നാല്‍, നേരത്തെ നിര്‍മാണചെലവായ 74.63 കോടിരൂപയും അതിന്റെ പലിശയും മറ്റും കെ.എസ്.ആര്‍.ടി.സി കെ.ടി.ഡി.എഫ്സിക്ക് തിരിച്ചു നല്‍കേണ്ടതുണ്ട്. അറ്റകുറ്റ പണി ആഗസ്റ്റില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബസ് സര്‍വീസ് മൊഫ്യൂസല്‍ സ്റ്റാന്റിലേക്ക് മാറ്റേണ്ടിവരും. ടെര്‍മിനലിലെ വ്യാപാരസമുച്ചയം വാടക്ക് എടുത്ത കമ്പനിക്ക് ഒന്നര വര്‍ഷത്തേക്ക് വാടക ഇളവ് നല്‍കിയിരിക്കുകയാണ്. അതേസമയം, അവരുടെ നിയന്ത്രണത്തില്‍ സ്റ്റാന്റില്‍ കിയോസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ബലപ്പെടുത്തല്‍ ഏതുരീതിയില്‍ വേണം എന്ന കാര്യത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും. അതിനുശേഷം മാത്രമെ ടെന്‍ഡര്‍ നടപടികളിലേക്ക് പോവുകയുള്ളു. ബലപ്പെടുത്തല്‍ പൂര്‍ത്തിയാകാന്‍ ആറ് മാസം സമയം വേണ്ടിവരും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജോലി തുടങ്ങാനും രണ്ടുമാസം വേണ്ടിവരും.



