തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം പൂര്‍ത്തിയായി. ജൂലൈ മാസത്തെ ബാക്കിയും ആഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കി. 25,268 ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിച്ചത്. ശമ്പള വിതരണത്തിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
കുടിശ്ശിക കൊടുത്തുതീര്‍ക്കാനും മറ്റ് ആശങ്കകള്‍ പരിഹരിക്കാനും തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിന് പിന്നാലെ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്മെന്റിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ, ഇപ്പോള്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുള്ള ദിവസ വേതനക്കാര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കും. മെക്കാനിക്കല്‍ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തുടങ്ങിയവരെ പുനര്‍ വിന്യസിക്കും.



