കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളില്‍ വിമര്‍ശനം നേരിടുന്ന മുന്‍ എംഎല്‍എ കെഎന്‍എ ഖാദറിന് പിന്തുണയുമായി ബി.ജെ.പി. ഭാരതീയ സംസ്‌കാരമാണ് കെഎന്‍എ ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ദേശീയ രാഷ്ട്രീയത്തിലടക്കം പ്രാധാന്യമുള്ള വ്യക്തിയാവാന്‍ ഖാദറിനാവുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. മുസ്ലീം ലീഗ് കെഎന്‍എ ഖാദറിനെ പുറത്താക്കിയാലും അദ്ദേഹം അനാഥനാവില്ലെന്നും ഖാദറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.
വേദങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഖാദര്‍.
അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. മുസ്ലീം ലീഗ് തീവ്ര ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയാണ്. കെഎന്‍എ ഖാദറിനെതിരെ മുസ്ലീം തീവ്ര ഗ്രൂപ്പുകള്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്..
അതേസമയം കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ലെന്നും കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കെ.എന്‍.എ ഖാദര്‍ എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ലീഗ് ഖാദറിനെതിരെ നടപടി എടുത്താല്‍ സംവാദങ്ങളെ ഭയപ്പെടുന്നു എന്നാണ് അതിലൂടെ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞ എംടി രമേശ് ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്ന് അര്‍ത്ഥമില്ലെന്നും വ്യക്തമാക്കി.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. ഖാദറിന്റെ നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്കാര്‍ ആരെങ്കിലും വിളിച്ചാല്‍ പോകേണ്ടവര്‍ അല്ലെന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്നാല്‍ താന്‍ പങ്കെടുത്തത് സാംസ്‌കാരിക സമ്മേളനത്തിലെന്നാണ് കെഎന്‍എ ഖാദറിന്റെ നിലപാട്.



