കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് കെട്ടിട ഉടമകള്‍ക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ വിദേശത്താണുള്ളത്. വിദേശത്ത് നിന്ന് വിമാനത്താവളങ്ങള്‍ വഴി തിരിച്ചെത്തുന്ന മുറയ്ക്ക് പിടി കൂടാനാണ് ശ്രമം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
അഞ്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ കരസ്ഥമാക്കിയ സംഭവത്തിലാണ് ഉടമകളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. വിദേശത്താണ് അവരുള്ളത്. കരിക്കാംകുളം സ്വദേശി അബൂബക്കര്‍ സിദ്ദീഖ് എന്ന കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ഉടമയെ ഇനിയും കണ്ടെത്താനുണ്ട്. അബൂബക്കര്‍ സിദ്ദീഖുമായി ബന്ധപ്പെട്ട കേസില്‍ നാല് ഇടനിലക്കാര്‍ അടക്കം ഏഴ് പേര്‍ അറസ്റ്റിലായിരുന്നു. പലരും അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടുണ്ട്.
അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് 15 കേസുകള്‍ ഉണ്ടെങ്കിലും ഒന്നുമാത്രമാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കേസുകള്‍ ഒന്നൊന്നായി അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
അതേസമയം, നമ്പര്‍ നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥയെക്കൂടി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. എലത്തൂര്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ എം.പി പ്രീതയെയാണ് സസ്പെന്‍ഡ് ചെയ്തത്. അലക്ഷ്യമായി പാസ് വേഡ് ഉപയോഗിച്ചതിന്റെ പേരിലാണ് നടപടി. റവന്യൂ ഇന്‍സ്പെക്ടറുടെ ലോഗിനും പാസ് വേഡും ഉപയോഗിച്ചതായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നാല് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്കല്‍, തിരുത്തിയാട് വാര്‍ഡുകളിലെ അനധികൃത കെട്ടിടങ്ങള്‍ക്കാണ് നമ്പര്‍ നല്‍കിയത്.
സഞ്ജയ സോഫ്റ്റ് വെയറിലെ അപേക്ഷയില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു. ലോഗിന്‍ ദുരുപയോഗം ചെയ്തത് ആര് എന്ന് കണ്ടെത്താന്‍ സമയമെടുക്കും. മുന്നൂറോളം കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയെന്നാണ് പൊലീസ് കരുതുന്നത്.



