തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിന് സിഐടിയു .മറ്റന്നാള്‍ ട്രാന്‍സ്പോര്‍ട്ട് ഭവന്‍ ഉപരോധിച്ചിച്ച് സമരം പ്രഖ്യാപനം നടത്തും. പ്രതിഷേധ സമരം കെഎസ്ആര്‍ടിഇഎ പ്രസിഡന്റ് ആനത്തലവട്ടം ആനന്തന്‍ ഉദ്ഘാടനംചെയ്യും. സമരത്തിന്റെ പേരില്‍ ജീവനക്കാരോട് ഗതാഗത വകുപ്പ് മന്ത്രി ശത്രുതാ നിലപാട് സ്വീകരിക്കുന്നുവെന്നും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന മന്ത്രിയുടെ നിലപാട് അപക്വമാണെന്നും സിഐടിയു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നാളെ ഗതാഗതി മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു.
അതേ സമയം, കെഎസ്ആര്‍ടിസിയുടെ ശമ്പള പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭായോഗത്തിലും ചര്‍ച്ചയായില്ല. ഇതുവരെയും ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. എന്ന് കൊടുക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇനിയും ആയിട്ടുമില്ല. പകുതി ശമ്പളമെങ്കിലും കൊടുക്കാന്‍ കഴിയുമോ എന്ന ചര്‍ച്ചയാണിപ്പോള്‍ നടക്കുന്നത്. ഇതിനിടെ കോര്‍പ്പറേഷന് 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. 700 സിഎന്‍ജി ബസുകള്‍ക്കായാണ് തുക അനുവദിച്ചത്. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകള്‍ വാങ്ങാനാണ് പദ്ധതി. ആയിരം സിഎന്‍ജി ബസ് വാങ്ങാന്‍ 2016 ലെ ബജറ്റില്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് ഒരു സിഎന്‍ജി ബസ് മാത്രമാണ്.



