കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷാജീവനക്കാരെ നിയമിക്കാന്‍ നടപടി തുടങ്ങി. ഹൈക്കോടതിയുടെ ഇടപെടലിനെതുടര്‍ന്നാണ് ആരോഗ്യവകുപ്പ് പെട്ടെന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. നാളെ സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിമുക്തഭടന്മാരും പൊലീസില്‍ നിന്ന് വിരമിച്ച വനിതകളേയുമാണ് പരിഗണിക്കുന്നത്. എട്ടു സുരക്ഷാജീവനക്കാരെ നിയമിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 23നകം നിയമനം നടത്തണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തുന്നതിന് താമസം നേരിടുകയായിരുന്നു.
മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി ജിയറാം ജിലോട്ട് എന്ന മഹാരാഷ്ട്രക്കാരി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. തസ്്മിബീബിയെന്ന ബംഗാള്‍ സ്വദേശിനിയുടെ മര്‍ദ്ദനമേറ്റാണ് ജിയറാം മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണം സുരക്ഷാജീവനക്കാരുടെ അഭാവമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പരിക്കേറ്റ് ജിയറാം ജിലോട്ടിന് മതിയായ ചികിത്സ നല്‍കാന്‍ പോലും കഴിഞ്ഞില്ല. സെല്ലിലെ അന്തേവാസികള്‍ അക്രമസ്വഭാവം കാണിക്കുന്നതും മറ്റും യഥാസമയം ഇടപെട്ട് തടയാന്‍ സാധിക്കാതെ പോയത് വീഴ്ചയായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലും സുരക്ഷാജീവനക്കാരുടെ കുറവ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സുരക്ഷാജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയാണുണ്ടായത്.
അന്തേവാസികള്‍ ചാടിപ്പോവുന്നതും സുരക്ഷാജീവനക്കാരുടെ അഭാവം കാരണമാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞദിവസം ഒരാള്‍ ചാടിപ്പോയിരുന്നു. ഏതാനും ആഴ്ച മുമ്പ് ചാടിപ്പോയ സ്ത്രീയും പുരുഷനും പിന്നീട് പിടിയിലാവുകയായിരുന്നു. നാല് പുരുഷന്മാരെയും നാല് സ്ത്രീകളെയും അടിയന്തരമായി നിയമിക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടലാണ് നടപടികള്‍ക്ക് വേഗം കൂട്ടിയത്.



