കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ജിയറാം ജിലോട്ട് മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ടില്‍ നിന്നും മറ്റും വിശദീകരണം ആരാഞ്ഞു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു.
മാനസികാരോഗ്യകേന്ദ്രത്തിലെ ദാരുണസംഭവം അത്യന്തം ഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ. ബൈജുനാഥ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ജില്ലാ പൊലീസ് കമ്മീഷണറോടും 15 ദിവസത്തിലകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാകവാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ജിലോട്ടിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്തിന് മുറുകെ പിടിച്ചതോ, വായയും മൂക്കും ബലമായി പൊത്തിപിടിച്ചതോ ആണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രി വാര്‍ഡില്‍ കട്ടില്‍ ഉപയോഗിക്കുന്നത് സമ്പന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. പശ്ചിമബംഗാള്‍ സ്വദേശി തസ്മി ബീബി(32)യാണ് ജിലോട്ടിന്റെ കൂടെ സെല്ലില്‍ ഉണ്ടായിരുന്നത്. ഇവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. തസ്മി ബീബിക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷം മുതല്‍ സെല്ലില്‍ നിന്ന് ബഹളം കേട്ടിരുന്നു. രാത്രി ഏഴരയോടെയാണ് മര്‍ദ്ദനം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാത്രിഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ജിലോട്ട് വീണു കിടക്കുകയായിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. തസ്മിബീബിയുടെ ശരീരത്തിലും രക്തം കണ്ടതിനാല്‍ അവരെയാണ് ആദ്യം ഡോക്ടറുടെ അടുത്ത് എത്തിച്ചത്. പിന്നീടാണ് ജിലോട്ടിനെ ശ്രദ്ധിച്ചത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.



