കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി രമേശനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി നിര്‍ത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായി കെ.ജി.എം.ഒ ഭാരവാഹികള്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം വെള്ളിയാഴ്ച വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സസ്പെന്‍ഷന്‍ പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി.പി പ്രീതി തെളിവെടുപ്പ് തുടങ്ങി. റിപ്പോര്‍ട്ട് നാളെ നല്‍കും. അതനുസരിച്ച് പുതിയ തീരുമാനം ഉണ്ടാവും. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ഡോ. സി.കെ ഷാജി എന്നിവര്‍ പങ്കെടുത്തു.
മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ചാടിപ്പോവുകയും തുടര്‍ന്ന് വാഹനാപകടത്തില്‍ മരിക്കുകയും ചെയ്ത സംഭവമാണ് സൂപ്രണ്ടിന്റെ സസ്പെന്‍ഷനില്‍ കലാശിച്ചത്.മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ ആണ് സ്ഫൂണ്‍ ഉപയോഗിച്ച് ചുമര്‍ തുരന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാള്‍ കോട്ടയ്ക്കലില്‍ ബൈക്ക് അപകടത്തില്‍ മരിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ സമരം കാരണം മാനസികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. അതേസമയം, മാനസികാരോഗ്യകേന്ദ്രത്തില്‍ ഇന്നലെ ഒരു അന്തേവാസി ആത്മഹത്യാശ്രമം നടത്തി. വനിതാ ഫോറന്‍സിക് വാര്‍ഡ് അഞ്ചിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കുന്ദമംഗലം സ്വദേശി സൗദയെ അടുത്തുണ്ടായിരുന്നവരും നഴ്സും രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. കഴിഞ്ഞമാസം 17നാണ് സൗദയെ ഇവിടെ പ്രവേശിപ്പിച്ചത്.



