ഇടുക്കി : പൊതുവിദ്യാഭ്യാസ വകുപ്പ് ഇടുക്കി, വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയിലെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ ഒരുക്കിയ സ്റ്റാള്‍ നാളെയുടെ പ്രതിക്ഷയായ കുട്ടിശാസ്ത്രജ്ഞരുടെ പരീക്ഷണ വേദിയും വര്‍ക്കിംഗ് മോഡലുകളുടെ പ്രദര്‍ശന ഇടവുമായി. പീരുമേട് സബ് ജില്ലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കുമളി ഗവ. ട്രൈബല്‍ യു പി സ്‌കൂളില്‍ നിന്നും പാമ്പനാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നുമായിരുന്നു പരീക്ഷണങ്ങളും വര്‍ക്കിംഗ് മോഡലുകളുമായി കുട്ടികള്‍ സ്റ്റാളിലെത്തിയത്. കുമളി ഗവ.ട്രൈബല്‍ യു പി സ്‌കൂളിലെ കുട്ടികള്‍ ശാസ്ത്രദിനത്തോടനുബന്ധിച്ച് 116 പരീക്ഷണങ്ങള്‍ ഒറ്റ വേദിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 20 പരീക്ഷണങ്ങള്‍ക്കായിരുന്നു കുട്ടികള്‍ എന്റെ കേരളം സ്റ്റാളില്‍ അവസരമൊരുക്കിയത്. ട്രാവലിംഗ് വാട്ടര്‍ എക്‌സ്പിരിമെന്റ്, പാതാള കിണര്‍, ഹിപ്പ് നോടൈസ് കുപ്പി തുടങ്ങി കുട്ടികള്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ വ്യത്യസ്തത നിറഞ്ഞതായി. രണ്ട് വീഡിയോകളുടെ പ്രദര്‍ശനവും കുട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. എ ഇ ഒ സുഗതന്‍ വി എസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രിന്‍സ് സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുമളി ഗവ. ട്രൈബല്‍ യു പി സ്‌കൂളിലെ 4,5,6 ക്ലാസുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പരീക്ഷണ പ്രദര്‍ശനത്തിനായി എത്തിയത്.
ഉത്തോലകം, ജലറോക്കറ്റ്, ഹൈഡ്രോളിക് പമ്പ്, വാട്ടര്‍ പമ്പ് തുടങ്ങി നാല് കൗതുകമുണര്‍ത്തുന്ന വര്‍ക്കിംഗ് മോഡലുകളുമായിട്ടായിരുന്നു പാമ്പനാര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ 5 കുട്ടികളും അധ്യാപകനായ സി ആനന്ദും പ്രദര്‍ശന സ്റ്റാളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. തങ്ങളുടെ കുട്ടി പരീക്ഷണത്തിന്റെ വിദ്യകള്‍ കുട്ടികള്‍ കാഴ്ച്ചകാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.
അറക്കുളം ബി ആര്‍ സി യുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഉണര്‍വ്വ് 2022 എന്ന ലഘുലേഖയുടെ പ്രകാശനവും ഇതോടൊപ്പം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം നൗഷാദ് റ്റി ഇക്ക് ലഘുലേഖ കൈമാറി പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അറക്കുളം ബി ആര്‍ സി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സിനി സെബാസ്റ്റ്യന്‍ ചടങ്ങില്‍ സംബന്ധിച്ചു.



