മലപ്പുറം :മുസ്ലീം ലീഗില്‍ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന പതിവില്ലെന്ന് മുസ്ലീം ലീഗ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.എം.എ സലാം.ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന വാര്‍ത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങള്‍ ഏതൊക്കെയാണെന്നും എല്ലാവര്‍ക്കും അറിയാമെന്നും സലാം പറഞ്ഞു.പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ സൗഹാര്‍ദ്ദ സംഗമങ്ങള്‍ വിമര്‍ശനത്തിനുളള വേദിയായിരുന്നില്ലെന്നും ആശയത്തെ എതിര്‍ക്കാം,വ്യക്തിയെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകളെ ലീഗ് അടിച്ചമര്‍ത്താറില്ല.ലീഗ് ജനാധിപത്യപാര്‍ട്ടിയാണ്.ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലീഗ് നയമെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ലീഗിലുണ്ടെന്നും സലാം പറഞ്ഞു.ചന്ദ്രികയുടെ കടം ലീഗ് പ്രവര്‍ത്തകസമിതി അംഗീകരിച്ചെന്നും ഇനിയും കടങ്ങള്‍ ഉണ്ടാകരുതെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



