കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ടസ്ഫോടനം. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് ഗുരുദ്വാരക്കു സമീപം സ്ഫോടനമുണ്ടായത്. ഈ ഭാഗത്തുനിന്ന് നിരവധി തവണ വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ് ആണ് ആക്രമണത്തിന് പിന്നില്‍. മേഖലയില്‍ ഭീകരരും താലിബാന്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.
സ്ഫോടനം നടക്കുമ്പോള്‍ നിരവധി സിഖ് മതവിശ്വാസികള്‍ ഗുരുദ്വാരയിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. കാബൂളിലെ കര്‍തെ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാരക്കു സമീപമുള്ള തിരക്കേറിയ റോഡിലാണ് സ്ഫോടനങ്ങളുണ്ടായത്. ജനവാസമേഖലയായതിനാല്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.



