ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ ഇ-തയ്ബ ഭീകരന്‍ ജാന്‍ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. ഷോപിയാനില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. കശ്മീര്‍ പൊലീസും സേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവരെ വധിച്ചത്.
ജൂണ്‍ രണ്ടിനാണ് കുല്‍ഗാമില്‍ രാജസ്ഥാന്‍ സ്വദേശിയായ വിജയ് കുമാര്‍ എന്ന ബാങ്ക് മാനേജര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമിലേക്ക് സ്ഥലംമാറിവന്ന് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു കൊലപാതകം. ബാങ്കിലേക്ക് ഭീകരന്‍ തോക്കുമായി ഇരച്ചുകയറുന്നതിന്റെയും വെടിയുതിര്‍ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വെടിയേറ്റ വിജയകുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരയുടെ ഭാഗമായിരുന്നു വിജയ് കുമാറിന് നേരെയുണ്ടായ ആക്രമണം. ഇത് കശ്മീര്‍ താഴ്വരയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.



