കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴംകൂട്ടാന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികം വരുന്ന 1.91 കോടി രൂപ കോര്‍പറേഷന്‍ വഹിക്കാന്‍ തീരുമാനമായി.
കല്ലായി മുതല്‍ കടുപ്പിനി വരെയുള്ള 4.2 കിലോമീറ്റര്‍ സ്ഥലത്താണ് ചെളി മാറ്റി ആഴം കൂട്ടുക. കല്ലായിപ്പുഴ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം നടത്തിയിരുന്നു. പ്രദേശത്തെ ചെടികള്‍, ജീവജാലങ്ങള്‍ എന്നിവയെപ്പറ്റിയും പഠനം നടത്തുകയുണ്ടായി. കടലില്‍ മൂന്ന് മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെയുള്ള ഭാഗത്ത് ചെളി കൊണ്ടുപോയി തള്ളാമെന്നാണ് കരുതുന്നത്. കല്ലായിപ്പുഴയില്‍ ചെളിയും മണ്ണും നിറഞ്ഞതിനാല്‍ നഗരത്തില്‍ വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തന്നെ കല്ലായിപ്പുഴയുടെ തീരത്ത് വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു.പദ്ധതി പൂര്‍ത്തിയാകുന്നതോടെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പുഴ കയ്യേറ്റം അവസാനിപ്പിക്കാന്‍ നടപടി വേണമന്ന് കല്ലായിപ്പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടിരുന്നു.
7.90 കോടി രൂപയായിരുന്നു പദ്ധതിക്കുവേണ്ടി നേരത്തെ കോര്‍പറേഷന്‍ ജലസേചന വകുപ്പിന് നല്‍കിയിരുന്നത്. പക്ഷെ ടെന്‍ഡര്‍ ക്വാട്ട് ചെയ്തത് 9.81 കോടി രൂപക്കാണ്. അതുകൊണ്ട് അധികതുക കണ്ടെത്തണമെന്ന് ജലസേചനവകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കോര്‍പറേഷന് കത്ത് നല്‍കിയിരുന്നു. അധിക തുക വഹിക്കാമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയാണുണ്ടായത്. ഇതോടെ പ്രശ്നത്തിന് പരിഹാരമായി.
കഴിഞ്ഞ മാര്‍ച്ചില്‍ പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തത്. വീണ്ടും ടെന്‍ഡര്‍ വിളിച്ചപ്പോള്‍ രണ്ടുപേര്‍ പങ്കെടുത്തെങ്കിലും യോഗ്യത നേടിയ ആള്‍ 34.39 ശതമാനം അധികം ക്വാട്ട് ചെയ്യുകയായിരുന്നു. പണമില്ലാത്തതിന്റെ പേരില്‍ പദ്ധതി നീണ്ടുപോവരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അധികതുക എടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. പുഴയിലെ ചെളി നീക്കാത്തത് കനോലി കനാല്‍ വികസനത്തിനും തടസ്സമായിരുന്നു. ഏതായാലും പ്രവൃത്തി താമസിയാതെ തുടങ്ങുമെന്നാണ് അറിയുന്നത്.



