മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാനത്താവള ഉപദേശകസമിതി തീരുമാനിച്ചു. വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ധാരണയായി. വിമാനങ്ങളുടെ സമയമാറ്റം, യാത്രാനിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കുന്നതു പോലെ ഇന്ധനനിരക്കില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ലഗ്ഗേജ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ആരോഗ്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഹീല്‍ ഇന്ത്യ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം.
വികസനപദ്ധതിയുടെ ഭാഗമായി റണ്‍വേയുടെ ഇരുവശത്തും 14.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച നഷ്ടപരിഹാര പാക്കേജ് ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. വീടും സ്ഥലവും നഷ്ടമാകുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. വിമാനത്താവളത്തോട് ചേര്‍ന്ന് ഫയര്‍ സ്്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ എന്നിവ സ്ഥാപിക്കാന്‍ യോഗം ശുപാര്‍ശ ചെയ്തു. യോഗത്തില്‍ ചെയര്‍മാന്‍ അബ്ദുസമദ് സമദാനി എം.പി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ്, കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി തുടങ്ങിയവര്‍ സംബന്ധിച്ചു.



