തിരുവമ്പാടി/കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ചുള്ള മലയോര ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണം. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വൈകീട്ട് ആറുവരേയാണ് ഹര്‍ത്താല്‍. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. പാല്‍, പത്രം, ആശുപത്രി, വിദ്യാലയങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍, പുതുപ്പാടി, മരുതോങ്കര, ചക്കിട്ടപാറ, നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് എല്‍.ഡി.എഫ് അറിയിച്ചു. മലയോര പ്രദേശങ്ങളില്‍ വ്യാപാരികളുടെയും മറ്റും നേതൃത്വത്തില്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ച് പ്രകടനവും നടന്നു. ചില പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായും ചില പഞ്ചായത്തുകളില്‍ ഭാഗികമായും ഹര്‍ത്താല്‍ ബാധിച്ചതായാണ് ആദ്യഘട്ട സൂചനകള്‍. തിരുവമ്പാടി മണ്ഡലത്തില്‍ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ ഭാഗികമായുമാണ് ഹര്‍ത്താല്‍ ബാധിച്ചിട്ടുള്ളത്.



