കൊച്ചി : കലൂര്‍ സ്റ്റേഡിയം പരിസരത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ആളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് മൂന്നു മാസത്തേക്കു റദ്ദാക്കി. വയനാട് പുല്‍പള്ളി സ്വദേശിയായ അരുണ്‍ ഷാജിയുടെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്.
ഇരു ചക്ര വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ റെയ്സിന്റെ ഭാഗമായുള്ള പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ആയിരുന്നു അരുണ്‍ വാഹനമോടിച്ചത്. വാഹനം ശ്രദ്ധയില്‍ പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ സമീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വാഹനം നിര്‍ത്താന്‍ കൈ കാണിച്ചെങ്കിലും ഇയാള്‍ കടന്നു കളയുകയായിരുന്നു. നമ്പര്‍ പരിശോധിച്ചാണ് വാഹന ഉടമയെ കണ്ടെത്തിയത്.
ഓപ്പറേഷന്‍ റെയ്സിന്റെ ഭാഗമായുള്ള പരിശോധനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചു വരികയാണ്. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം



