കോഴിക്കോട് : ജില്ലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ രണ്ടു മുതല്‍ 11 വരെ വ്യത്യസ്തമായ പരിപാടികളാല്‍ നഗരം ഓണാഘോഷങ്ങളില്‍ മുഴുകും.
രണ്ടാം തീയതി ദീപാലങ്കാരത്തോടെയാകും ജില്ല ഓണാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്.
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തിനേടിയ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള സംഗീതനിശ,കോമഡി ഷോ,സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടികള്‍,സ്‌കിറ്റ്, നാടകങ്ങള്‍,സാഹിത്യ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാഹിത്യോത്സവം ജില്ലയിലെ പ്രാദേശിക കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാടന്‍കലകളും നാടന്‍പാട്ടുകളുമെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാകും.
കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, പഴയതും പുതിയതുമായ അമ്പെയ്ത്തുകള്‍ കമ്പവലി, തുടങ്ങിയ കലാ കായിക ഇനങ്ങളാല്‍ നഗരം ഓണത്തെ വരവേല്‍ക്കും.പരിപാടികള്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് പുറകിലുള്ള ചെറിയ വേദിയില്‍ കലാകാരന്മാരുടെ കൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.
രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക- കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ ഏര്‍പ്പെടുത്തും. ഇതിനായി പോലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങള്‍ ഉറപ്പാക്കും.
ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല അവലോകന യോഗം നടന്നു.
ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്,സബ് കലക്ടര്‍ വി ചെത്സാസിനി, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി സി അഭിലാഷ്, ജനപ്രതിനിധികള്‍, വ്യാപാര വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



