കോഴിക്കോട്:ഐ.എന്‍.എല്‍ പിളര്‍ന്നു. പാര്‍ട്ടി ദേശീയസമിതി പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രഫ.എ.പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട്ട് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അബ്ദുല്‍വഹാബ് പ്രസിഡന്റും നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയും വഹാബ് ട്രഷററുമായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ 77 അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുല്‍ വഹാബ് പക്ഷം അവകാശപ്പെട്ടു. 120 അംഗങ്ങളാണ് സംസ്ഥാന കൗണ്‍സിലില്‍ ഉള്ളത്.
സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പിളര്‍ന്നിരിക്കുന്നത്.
ഇതോടെ 2018 മുതല്‍ പാര്‍ട്ടിക്കകത്ത് കത്തിയുയര്‍ന്ന വിഭാഗീയതക്ക് പരിസമാപ്തിയായി. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ജൂലൈയില്‍ എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവ് യുദ്ധമായി പരിണമിച്ചിരുന്നു. പിന്നീട് സി.പി.എം കര്‍ശന നിര്‍ദേശം നല്‍കിയതോടെ സമവായം ഉണ്ടായി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർ മധ്യസ്ഥതയും ഇതിന് കാരണമായിരുന്നു. ഇടക്ക് പാര്‍ട്ടിയില്‍ അച്ചടക്ക നടപടിക്ക് വിധേയരായവരുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കണമെന്ന വിഷയത്തിലും തര്‍ക്കമുണ്ടായിരുന്നു. എ്ല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതായി സെപ്റ്റംബര്‍ 13ന് അബ്ദുല്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ഒന്നിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുവെങ്കിലും പിന്നീട് തര്‍ക്കം രൂക്ഷമാവുകയാണുണ്ടായത്.
ഈ മാസം 13ന് ഓണ്‍ലൈനായി ചേര്‍ന്ന ദേശീയസമിതി യോഗമാണ് സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും കൗണ്‍സിലും പിരിച്ചുവിടാന്‍ തീരുമാനിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെയും നിയമിച്ചിരുന്നു.
ഇന്നലെ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് ദേശീയസമിതിയെ അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ദേശീയസമിതി യോഗം തന്നെ അറിയിച്ചില്ലെന്നായിരുന്നു അബ്ദുല്‍വഹാബിന്റെ നിലപാട്. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അബ്ദുല്‍വഹാബിനെയും ഉള്‍പ്പെടുത്തിയിരുന്നു. യോഗത്തിന് എത്താത്ത അബ്ദുല്‍ വഹാബിനെതിരെ നടപടി ഉണ്ടാവുമെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയിരുന്നു. ഔദ്യോഗികപക്ഷത്തിനുള്ള മറുപടി എന്ന നിലയിലാണ് ഇന്ന് വഹാബ് പക്ഷം യോഗം വിളിച്ചുചേര്‍ത്ത് കൗണ്‍സിലില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചതും പിന്നീട് ഭാരവാഹികളെ പ്രഖ്യാപിച്ചതും.
ഐ.എന്‍.എല്‍ ഒരു പാര്‍ട്ടിയായി തുടരണമെന്ന് സി.പി.എം നിലപാട് അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ പിളര്‍പ്പിനെ സി.പി.എമ്മും ഇടതുമുന്നണിയും എങ്ങനെ കാണുമെന്നത് നിര്‍ണായകമാണ്. വഹാബ് പക്ഷവും ഇടതുമുന്നണിയുടെ ഭാഗമായി തുടരുമെന്നാണ് പറയുന്നത്. പി.ടി.എ റഹീം എം.എല്‍.എയുടെ പാര്‍ട്ടി ഐ.എന്‍.എല്ലില്‍ ലയിച്ചിരുന്നു. എന്നാല്‍ ലയനപ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ വഹാബ് പക്ഷത്തോടൊപ്പമാണ് പി.ടി.എ റഹീം നിലയുറപ്പിക്കുന്നത്. ഇതിനെതിരെ കാസിം ഇരിക്കൂര്‍ വിഭാഗം രംഗത്തെത്തിയിരുന്നു.



