കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ഭാഗമായി തീര്‍ന്നശേഷം ഐ.എന്‍.എല്ലില്‍ വീണ്ടും പിളര്‍പ്പിന്റെ സാഹചര്യം ഉടലെടുത്തതോടെ പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനത്തിന് ഭീഷണി. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഇരുധ്രുവങ്ങളിലായി പോരാട്ടം തുടരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി വിഭാഗീയതക്ക് പുതിയ അര്‍ത്ഥതലം നല്‍കിയിരിക്കുകയാണ്. കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ വിജയമാണ് ഇതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പകരം സംവിധാനം എന്ന നിലയില്‍ ഉണ്ടാക്കിയ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍വഹാബ് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പക്ഷത്തുള്ള ആരും ഇല്ലെന്നത് ശ്രദ്ധേയമാണ്. ദേശീയ നേതൃത്വത്തിലും സംസ്ഥാന ഘടകത്തിലും കാസിം ഇരിക്കൂര്‍ വിഭാഗം ആധിപത്യം സ്ഥാപിച്ചതിന്റെ സൂചനയാണ് പുറത്തുവരുന്നത്. അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്റെ പക്ഷത്തുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ കൊണ്ടുവരാന്‍ കഴിഞ്ഞതും കാസിം വിഭാഗത്തിന്റെ വിജയമായി കരുതാവുന്നതാണ്.
ഐ.എന്‍.എല്ലില്‍ പുതുതായി ഉണ്ടായ സംഭവ വികാസങ്ങള്‍ സി.പി.എം നിരീക്ഷിച്ചുവരികയാണ്. . കഴിഞ്ഞ ജുലൈ 25ന് കൊച്ചിയില്‍ നടന്ന സംസ്ഥാനകമ്മിറ്റി യോഗം തെരുവില്‍ ഏറ്റുമുട്ടലില്‍ അവസാനിക്കുകയായിരുന്നു. അതിനെതുടര്‍ന്ന് ഐ.എന്‍.എല്‍ ഒറ്റ പാര്‍ട്ടിയായി തുടരണമെന്ന് സി.പി.എം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് രമ്യതയില്‍ എത്തിയ സംസ്ഥാന നേതൃത്വം കഴിഞ്ഞ സെപ്റ്റംബര്‍ 13ന് കോഴിക്കോട്ട് പത്രസമ്മേളനം നടത്തി ഐക്യം പ്രഖ്യാപിക്കുകയുണ്ടായി. എ.പി അബ്ദുല്‍വഹാബും കാസിം ഇരിക്കൂറും ഒന്നിച്ചാണ് മാധ്യമങ്ങളെ കണ്ടത്. അതിനുശേഷവും പ്രശ്‌നങ്ങള്‍ തലപൊക്കിയതാണ് സംസ്ഥാന കമ്മിറ്റിയെയും കൗണ്‍സിലിനെയും പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്.
ഐ.എന്‍.എല്ലില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ മന്ത്രിസ്ഥാനം തിരിച്ചുവാങ്ങാന്‍ സി.പി.എം തയാറായേക്കും. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രിസ്ഥാനം നല്‍കിയത്. അതുകഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ്-ബിക്ക് നല്‍കണം. കേരള കോണ്‍ഗ്രസ് ബി. നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ കുടുംബപരമായി വിവാദങ്ങളില്‍പെട്ട സാഹചര്യത്തിലാണ് ആദ്യത്തെ രണ്ടര വര്‍ഷം ഐ.എന്‍.എല്ലിന് ലഭിച്ചത്. അതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാവുകയും ചെയ്തു.
പാര്‍ട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം കൈമാറിയത് വഴി 20 ലക്ഷം രൂപ കൈപ്പറ്റിയതും വിവാദമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ഫണ്ട് വാങ്ങിയെന്നാണ് കാസിം ഇരിക്കൂര്‍ വിശദീകരിച്ചിരുന്നത്. പാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ വിതരണം ചെയ്യുന്നതാണ് വീണ്ടും തര്‍ക്കത്തിന് വഴിമരുന്നിട്ടത്. അംഗത്വവിതരണം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇടവേളക്ക് ശേഷം പാര്‍ട്ടിക്കകത്ത് വിഭാഗീയത രൂക്ഷമാക്കിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മധ്യസ്ഥ ശ്രമം നടത്തിയതോടെയാണ് തര്‍്ക്കങ്ങള്‍ക്ക് ശമനം വന്നത്. ദേശീയ നേതൃത്വത്തെ കൂടെ നിര്‍ത്താന്‍ ആയതുപോലെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രീതി നേടാനായതും ഇരിക്കൂര്‍ വിഭാഗത്തിന് തുണയാകുന്നുണ്ട്. കാന്തപുരവുമായി അബ്ദുല്‍ വഹാബിനുള്ള അടുപ്പം കാരണം അദ്ദേഹത്തെ പൂര്‍ണമായി തള്ളാനും സി.പി.എമ്മിന് സാധ്യമല്ല.
അതേസമയം, അബ്ദുല്‍വഹാബ് പക്ഷം കോഴി്‌ക്കോട്ട് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.



