
കോഴിക്കോട്: നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ശാന്തനോര്‍മ്മ പരിപാടികള്‍ക്ക് ടൗണ്‍ഹാളില്‍ തുടക്കമായി. ഇന്നലെ നടന്ന അനുസ്മരണ സദസ്സ് നടന്‍ സുധീഷ് ഉദ്ഘാടനം ചെയ്തു. ടി.പി ദാസന്‍ അധ്യക്ഷനായി. നടന്‍ മാമുക്കോയ മുഖ്യാതിഥിയായിരുന്നു. സാംകുട്ടി പട്ടങ്കരി അനുസ്മരണ പ്രഭാഷണം നടത്തി. പുരുഷന്‍ കടലുണ്ടി, യു. ഹേമന്ത്കുമാര്‍, ടി. സുരേഷ്ബാബു, സതീഷ് കെ. സതീഷ്, കരീംദാസ്, സീമഹരിദാസ്, എം.സി സന്തോഷ്‌കുമാര്‍, പി. പ്രദീപ്കുമാര്‍ പ്രസംഗിച്ചു.
ശാന്തം, സൗഹൃദം,നാടകം എന്ന പരിപാടി നടന്‍ ശശി എരഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കളത്തില്‍ മോഡറേറ്റര്‍ ആയിരുന്നു. കരുണാകരന്‍ പറമ്പില്‍, കുമാര്‍ ജി. പാലത്ത്, വി.കെ വേണു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബി. മുരളിയുടെ ചെറുകഥയെ ആസ്പദമാക്കി പ്രജോഷ് കെ. കുമാര്‍ രചിച്ച കത്തി എന്ന നാടകം അവതരിപ്പിച്ചു. ടി.കെ സജിത്ത് ആണ് സംവിധായകന്‍. മണ്ണൂര്‍ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അവതരണം നടന്നത്. പ്രസാദ് വള്ളിക്കുന്ന്, വിജേഷ് ഒലിപ്രം, ടി.കെ സജിത്ത് എന്നിവര്‍ അഭിനയിച്ചു. കോഴിക്കോട് തിയേറ്റര്‍ ഫോറത്തിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന നാടകവും അരങ്ങിലെത്തി. രാധാകൃഷ്ണന്‍ പേരാമ്പ്ര രചിച്ച നാടകം എം. രാഗേഷ് ആണ് സംവിധാനം ചെയ്തത്.



