കൊല്ലം: എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ മറ്റു ചിലരുണ്ട്. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. തുടര്‍ഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ജനം തിരിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കൊല്ലം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം രീതിയില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങള്‍ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാര്‍ട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു.
ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ആക്രമണങ്ങള്‍ അവര്‍ അഴിച്ചുവിട്ടു. ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെടേണ്ടിവന്ന ഒരു പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചു.പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ആ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകള്‍ നടപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



