കാസര്‍കോട്: കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച എന്റെ കേരളം മേളയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ 17.5 ലക്ഷം രൂപയുടെ വിറ്റുവരവിലൂടെ വിപണന മികവ് അംഗീകാരം നേടി.
ഭക്ഷണവും ഉല്‍പന്നങ്ങളും വഴിയാണിത്.
ആദ്യ ദിനം 42,870 രൂപയില്‍ തുടങ്ങിയ വില്‍പ്പന അടുത്ത ദിവസങ്ങളില്‍ 1,30,770 രൂപ,2,11,429 രൂപ, 2,09,362 രൂപ,2,92,569 രൂപ എന്നിങ്ങിനെ ഉയര്‍ന്ന് മേള തിരക്കിലമര്‍ന്ന ആറാം ദിവസം ഞായറാഴ്ച 3,86,224 രൂപയിലെത്തി.സമാപന ദിവസം 2,90,232 രൂപയുടെ വില്‍പ്പന നടന്നു. വിവിധ വകുപ്പുകള്‍ നല്‍കിയ കൂപ്പണുകളിലൂടെ 1,87,897രൂപയുടെ നേട്ടവുമുണ്ടാക്കി. മൊത്തം17,51,353 രൂപയുടെ വിറ്റുവരവ്.
മേളയിലെ 18 സ്റ്റാളുകളില്‍ 50തോളം സംരംഭകരാണ് പങ്കെടുത്തത്. കാസര്‍കോട് കുടുംബശ്രീ മിഷന്റെ ബ്രാന്‍ഡഡ് ഉത്പന്നമായ കെ ശ്രീ ഐസ് ക്രീംമിന് മേളയില്‍ സ്വീകാര്യതയേറി. സഫലം കശുവണ്ടി, ബേക്കറി ഇനങ്ങള്‍, ഹാന്‍ഡില്‍ ക്രാഫ്റ്റ്‌സ്, പാല്‍ ഉത്പന്നങ്ങള്‍, ഡീറ്റെര്‍ജന്റ്‌സ്, തേന്‍, തുണിത്തരങ്ങള്‍, പ്ലാന്റ് നഴ്‌സറി, ചവിട്ടി, സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം, മാട്രിമോണി എന്നിവയും മേളയില്‍ പങ്കെടുത്തു.



