കാസര്‍കോട്:ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം തുടരുന്നതായി ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ഇതുവരെ 1158 പേര്‍ക്കായി 45 കോടി 75 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. 2102 പേര്‍ക്കുള്ള ധനസഹായ വിതരണമാണ് ഇനി ബാക്കിയുള്ളത് .
സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സുപ്രീംകോടതി ഉത്തരവ് പ്രകാരം അപേക്ഷകര്‍ക്ക് കൃത്യമായി നല്‍കി വരികയാണ്. കാലതാമസം ഒഴിവാക്കുന്നതിനും ദുരിത ബാധിതര്‍ക്ക് അസൗകര്യമുണ്ടാകാതെ സുതാര്യമായും ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് കളക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റില്‍ നിന്ന് തന്നെ ഓണ്‍ലൈനിലേക്ക് മാറ്റി.
ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് കളക്ടറേറ്റില്‍ നേരിട്ട് അപേക്ഷ നല്‍കിയ നൂറു പേര്‍ക്ക് ഇതിനകം ധനസഹായം നല്‍കിയിരുന്നു. നേരത്തേ അപേക്ഷ നല്‍കിയിട്ടില്ലാത്ത, ധനസഹായം ലഭിക്കാന്‍ അര്‍ഹരായ ദുരിത ബാധിതര്‍ മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ എത്രയും വേഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.



