എടയൂര്‍ :കുരങ്ങുശല്യം രൂക്ഷമായ മാവണ്ടിയൂരില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ഉത്തരക്കടലാസില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചതായി പരാതി.മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനി കെ.ടി ഷിഫ്‌ലയാണ് തന്റെ ഉത്തരക്കടലാസില്‍ കുരങ്ങന്‍ മൂത്രമൊഴിച്ചെന്നും പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തന്നെ വീണ്ടും പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്കിയത്.
സ്‌കൂള്‍ നില്‍ക്കുന്ന മാവണ്ടിയൂരില്‍ കുരങ്ങന്മാര്‍ കൂട്ടത്തോടെ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ കയറാറുണ്ട്.പരീക്ഷയെഴുതുകയായിരുന്ന ഷിഫ്‌ല ക്ലാസില്‍ പിറകിലെ ബെഞ്ചിലായിരുന്നു.ബോട്ടണി പരീക്ഷ കഴിഞ്ഞ് സുവോളജി പരീക്ഷാചോദ്യ പേപ്പര്‍ നല്‍കി പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴാണ് സ്‌കൂള്‍ കെട്ടിടത്തിനു മുകള്‍വശത്ത് കയറിയ കുരങ്ങന്‍ ഉത്തരക്കടലാസില്‍ മൂത്രമൊഴിച്ചത്.
ഇന്‍വിജലേറ്റര്‍ ഉത്തരക്കടലാസും ചോദ്യപേപ്പറും മാറ്റി നല്‍കുകയും പരീക്ഷ വീണ്ടുമെഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പകരം പേപ്പര്‍ കിട്ടിയപ്പോഴേയ്ക്കും സമയം ഏറെക്കഴിഞ്ഞുവെന്നും കുരങ്ങ് മൂത്രമൊഴിച്ചത് മാനസികപ്രയാസമുണ്ടാക്കിയെന്നും കുട്ടിയ്ക്ക് പരീക്ഷ എഴുതാന്‍ വീണ്ടും അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഹബീബ് റഹ്മാന്‍ വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കി.



