തിരുവനന്തപുരം:വിമാനത്തില്‍ വച്ച മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെയുള്ള എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്.വിമാനത്തില്‍ വച്ച് ഇ.പി.ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്റെ കഴുത്ത് ഞെരിച്ചെന്നും, നവീന്റെ മുഖത്തടിച്ചുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.കണ്ണൂര്‍ സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദ്, ആര്‍.കെ. നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇരുവരെയും ജീവനോടെ വിടില്ലെന്ന് ആക്രോശിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മര്‍ദ്ദിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.എന്നാല്‍ ഇ.പിക്കെതിരെ എയര്‍ക്രാഫ്റ്റ് നിയമം ചുമത്തില്ല. കോടതി നിര്‍ദേശിച്ച വകുപ്പുകള്‍ പ്രക്രാരമാണ് അന്വേഷണം. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും.
പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ ആഴ്ച്ച തന്നെ ചോദ്യം ചെയ്യും. ഇ.പി.ജയരാജനെയും പേഴ്സണല്‍ സ്റ്റാഫിനെയും അതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക.
അതേസമയം അന്വേഷണവിധേയമായി കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കും. പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കുന്നത്.
ഇ.പി.ജയരാജനെതിരെ വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് കോടതി ഉത്തരവുണ്ടായിരുന്നത്. ഇ.പി.ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി.



