ഒ സഫറുല്ല
ഇല്ലാത്ത ശത്രുവിനെ ഭാവനയില്‍ പ്രതിഷ്ഠിച്ച് യുദ്ധം ചെയ്യുന്ന ഏര്‍പ്പാട് ഫാഷിസത്തിന്റെ ആദ്യ പാഠങ്ങളിലൊന്നാണ്. ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും പടനയിച്ചതും അങ്കം വെട്ടിയതും ജൂതരെ എതിര്‍പക്ഷത്തു നിറുത്തി കൊണ്ടായിരുന്നു. ഇന്ത്യയില്‍ സംഘ് പരിവാര്‍ അധികാരത്തിലെത്തിയതും അധികാരം നിലനിറുത്തുന്നതും മുസ്ലീംകളെയും കൃസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും ഗാന്ധിസത്തെയുമൊക്കെ എതിര്‍പക്ഷത്ത് നിറുത്തി , ഇവരെ കുറിച്ച് വ്യാജമായ ഭീതി ജനിപ്പിച്ചു കൊണ്ടാണ്.
കമ്മ്യൂണിസത്തിന്റെ പിറവി തൊട്ടേ അതിന്റെ ശത്രു മുതലാളിത്തവും മൂലധന ശക്തികളുമാണ്. മതവും ദൈവമൊക്കെ മാര്‍ക്‌സിസത്തിന് അനിഷ്ടകരമാവുന്നത് അവ ചൂഷകരുടെ സൃഷ്ടിയാണെന്നു അവര്‍ കരുതുന്നത് കൊണ്ടാണ്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനമായ സി.പി.എമ്മിന്റെ ശത്രു പട്ടികയില്‍ പ്രഥമസ്ഥാനം മുതലാളിത്തത്തിനോ, കോര്‍പ്പറേറ്റുകള്‍ക്കോ മൂലധന ശക്തികള്‍ക്കോ സംഘ്പരിവാറിനോ ഒന്നുമല്ല, കേരളത്തിലെ അംഗബലം കൊണ്ട് ന്യൂനപക്ഷമായ ജമാഅത്തെ ഇസ്ലാമിക്കാണ്. എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയോട് കൊന്നു തീര്‍ക്കാന്‍ മാത്രം പക എന്നു ചോദിച്ചാല്‍ യുക്തിപൂര്‍വമായ മറുപടിയൊന്നും ലഭിച്ചെന്നു വരില്ല.
സമീപകാല സംഭവങ്ങളിലൂടെയൊന്ന് കണ്ണോടിച്ചു നോക്കുക. സി.പി.എം ആശയപരമായും രാഷ്ട്രീയപരമായും പ്രതിസന്ധി അനുഭവിച്ചപ്പോഴൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ നേര്‍ക്ക് ഭ്രാന്തമായ ആവേശത്തോടെ കൊമ്പു കുലുക്കി പാഞ്ഞടുത്തിട്ടുണ്ട്.
ബിഷപ്പ് വിവാദത്തില്‍ പ്രശ്‌നക്കാരായി സി.പി.എം കണ്ടത് ജമാ അത്തെ ഇസ്ലാമിയെയാണ്.
കേന്ദ്ര സര്‍വകലാശാലകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഹിഡണ്‍ അജണ്ടയുടെ ഭാഗമായിട്ടാണ് സി.പി.എമ്മിന്റെ ഉത്തരവാദിത്വപ്പെട്ട എം.പി പോലും കാണുന്നത്.
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തപ്പോള്‍ ബന്ധപ്പെട്ട എല്ലാ സമുദായ സംഘടനകളും എതിര്‍ത്തപ്പോള്‍ പഴി കേള്‍ക്കേണ്ടി വന്നത് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ മാധ്യമങ്ങള്‍ക്കുമാണ്.
കെ.റെയില്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകളും യു ഡി.എഫും ബി.ജെ.പിയുമൊക്കെ പ്രത്യക്ഷ സമരത്തിലാണ്. എന്നാല്‍ സി.പി.എമ്മിന്റെ ദൃഷ്ടിയില്‍ ജമാഅത്തെ ഇസ്ലാമിയാണ് സമരത്തിന്റെ ബുദ്ധികേന്ദ്രം.
വഖഫ് ബോര്‍ഡ് നിയമ നവുമായി ബന്ധപ്പെട്ട വിഷയത്തിലും ജമാഅത്തുകാരാണ് പ്രതിസ്ഥാനത്ത്. എന്നു മാത്രമല്ല മുസ്ലീം ലീഗ് ജമാഅത്തു വല്‍ക്കരിക്കപ്പെടുന്നു എന്നതാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്.



