ഡോ.ടി.എം തോമസ് ഐസക്
സംസ്ഥാന ആസൂത്രണ ബോര്‍ഡുകള്‍ക്കു പകരം നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കൈയ്യേറ്റമാണ്. സാമ്പത്തിക-സാമൂഹിക ആസൂത്രണം കണ്‍കറന്റ് ലിസ്റ്റില്‍ 20-ാമത്തെ ഇനമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ ആയതുകൊണ്ട് നിയമ നിര്‍മ്മാണത്തിലൂടെ അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോര്‍ഡിനെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയില്ല. അതുകൊണ്ട് കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തില്‍ നടപ്പാവില്ല.
2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ അവസാനിപ്പിച്ച് നീതി ആയോഗ് എന്ന ഉന്നത കൂടിയാലോചനാ സമിതിക്കു രൂപം നല്‍കി. അതോടെ പഞ്ചവത്സര പദ്ധതികള്‍ക്കു വിരാമമായി. പദ്ധതി ധനസഹായമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചിരുന്ന ഗ്രാന്റും അവസാനിച്ചു. അതുകൊണ്ട് കേരളത്തിലെ ആസൂത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ല. നീതി ആയോഗിന്റെ മാതൃകയില്‍ ഒരു സമിതിക്കു രൂപം നല്‍കിയാലും കേരളത്തിന് എന്തെങ്കിലും പ്രത്യേക ധനസഹായം ലഭിക്കാനും പോകുന്നില്ല.
എന്താണ് നീതി ആയോഗിനോടുള്ള വിമര്‍ശനത്തിന് ആധാരം? ആസൂത്രണത്തില്‍ നിന്നുള്ള പരിപൂര്‍ണ്ണമായ പിന്‍വാങ്ങലിനെയാണ് ഈ പുതിയ സ്ഥാപനം പ്രതിനിധാനം ചെയ്യുന്നത്. പ്ലാനിംഗ് കമ്മീഷനില്‍ സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെങ്കിലും തുടര്‍ച്ചയായ ആശയവിനിമയം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനങ്ങള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ വികസന സമിതി അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും മുഖ്യമന്ത്രിമാരുടെ പങ്കാളിത്തത്തോടെ യോഗവും ചേരുമായിരുന്നു. എന്നാല്‍ നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഉപദേശക സമിതി മാത്രമാണ്. നിയോലിബറല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനുള്ള ഒരു ഉപദേശക സമിതി. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോര്‍പ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്റെ സ്വഭാവം. ഇത്തരമൊരു കോര്‍പ്പറേറ്റ് സമിതിക്കു കേരളത്തില്‍ സ്ഥാനമില്ല.
കേരളം ഉയര്‍ത്തുന്ന ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ ഭാഗമാണ് ആസൂത്രണ ബോര്‍ഡ്. പുതിയ പ്രൊജക്ടുകളും പരിപാടികളും ഏറ്റെടുക്കുംമുമ്പ് അവയുടെ മുന്‍-പിന്‍ ബന്ധങ്ങളും, വരും വരായ്കളും സൂക്ഷമമായി പരിശോധിച്ച് പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ വികസനം ഉറപ്പുവരുത്താനാണ് നാം ശ്രമിക്കുന്നത്. ഇതിനു രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വിദഗ്ദരുടെ പങ്കാളിത്തം ആസൂത്രണ ബോര്‍ഡില്‍ ഉറപ്പുവരുത്തുന്നു. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് പ്രാതിനിധ്യത്തിന്റെ ആവശ്യമില്ല.
പഞ്ചവത്സര പദ്ധതികള്‍ അവസാനിച്ചതോടെ ആസൂത്രണ കമ്മീഷന്‍ തീരുമാനമെടുത്തിരുന്ന കേന്ദ്ര ബജറ്റിന്റെ നാലിലൊന്ന് വരുന്ന വികസന ഫണ്ട് പൂര്‍ണ്ണമായും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഇഷ്ടപ്രകാരമായി വിനിയോഗം.
സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്ന പദ്ധതി ധനസഹായവും നിലച്ചു. അതിനു പകരം ആവശ്യം വരുമ്പോള്‍ ബിജെപി സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിക്ക് പാക്കേജ് പ്രഖ്യാപിക്കാനുള്ള ഫണ്ടായി തീര്‍ന്നു അത്. ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 32-ല്‍ നിന്നും 40 ശതമാനമായി ഉയര്‍ത്തിയത് ഫലത്തില്‍ ഇല്ലാതാക്കിയത് രണ്ട് രീതിയിലാണ്.
ആദ്യത്തേത്, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സര്‍ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുക. മറ്റൊന്ന്, പദ്ധതി ധനസഹായം നിര്‍ത്തലാക്കുക. അതോടൊപ്പം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്രം നല്‍കുന്ന വിഹിതം കുറയ്ക്കുക. ഇതൊക്കെ സംസ്ഥാനങ്ങളുടെ ധനസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിച്ചു. ഇനിയിപ്പോള്‍ പരിമിതമായ സംസ്ഥാന വിഹിതം എങ്ങനെ ചെലവാക്കാമെന്നുള്ള കാര്യത്തിലും തങ്ങളുടെ ശിങ്കിടികളെ സംസ്ഥാന നീതി ആയോഗില്‍ നിയമിച്ച് കൈകടത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെ ചെറുക്കേണ്ടിയിരിക്കുന്നു.



