തൊടുപുഴ: കെ.കെ.രമ എംഎല്‍എയ്ക്കെതിരായ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി മുന്‍മന്ത്രി എം.എം.മണി. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന് എം.എം.മണി പറഞ്ഞു. ‘ആനി രാജ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കല്‍. കേരള നിയമസഭയില്‍ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങള്‍ അറിയില്ലല്ലോ’ എന്നും മണി പറഞ്ഞു.
കഴിഞ്ഞ ദിവസം, നിയമസഭയില്‍ മണി നടത്തിയ ‘വിധവയായത് വിധി’ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മാണെന്നും അവര്‍ പറഞ്ഞു.
മണിയുടെ വാക്കുകള്‍ ഇങ്ങനെ
”അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.”



