30 വർഷത്തോളമായി നിയമാനുസൃതം പ്രവർത്തിച്ചു വരുന്ന ആനപ്പാറ ക്വാറിയിലെ ആസൂത്രിത ഗുണ്ടാ ആക്രമണത്തിന്നെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. കെ ബാബു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സി കൃഷ്ണൻ മാസ്‌റ്റർ, ജില്ലാ ഭാരവാഹികളായ രവീന്ദ്രൻ മേപ്പയൂർ, പി.പി ബാലൻ, പവിത്രൻ കാര്യക്കണ്ടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ക്രഷർ വ്യവസായ സ്ഥാപനത്തിനു നേരെ സാമ്പത്തിക താല്പര്യം മുൻ നിർത്തി തല്പരകക്ഷികളുടെ നേതൃത്വത്തിൽ അഴിച്ചു വിട്ട ഗുണ്ടായിസമാണ് അവിടെ നടന്നതെന്ന്ന് നേതാക്കൾ വ്യക്തമാക്കി.
അക്രമത്തിനിരയായ സ്ഥാപനവും, ജീവനക്കാരെയും സംസ്ഥാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചതായി അവർ അറിയിച്ചു. നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പൊലീസിനെപോലും അക്രമിക്കുന്ന സാഹചര്യമാണ് ആനപ്പാറ ക്വാറിയിൽ ഉണ്ടായത്. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ നടത്തി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പടർത്താനുള്ള കുടിലശ്രമമാണ് പരിസരവാസികളെന്ന വ്യാജേന ചിലർ നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഉടമകളെയും തൊഴിലാളികളെയും അണിനിരത്തി ശക്തമായ പ്രതിരോധം ഏർപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.സാമ്പത്തിക താല്പര്യം മുൻ നിർത്തി ചിലരുടെ ആജ്ഞകൾ നടപ്പിലാക്കാനാണ് ഇത്തരം അക്രമങ്ങൾ നടത്തുന്നത്. ഇതിനായി ജില്ലയിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു. നിയമാനുസൃതം പ്രവർത്തിക്കുന്ന കൂമ്പാറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇത്തരം പ്രവണതകൾ സമീപകാലത്തായി ഉയർന്നു വരുന്നത് ആശങ്കയോടെയാണ് ക്വാറി- ക്രഷർ വ്യവസായികൾ കാണുന്നത്. അസോസിയേഷൻ ഇതിനെ ഗൗരവത്തോടെ കാണുന്നു. ഇത്തരം നീക്കങ്ങളെ തുറന്നു കാട്ടാൻ പ്രചരണം നടത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവാത്തപക്ഷം ജില്ലയിലെ മുഴുവൻ ക്വാറി, ക്രഷർ വ്യവസായ പ്രവർത്തനം നിർത്തി വെച്ച് ശക്തമായ സമരത്തിന് തയ്യാറാവേണ്ടി വരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ മുന്നറീപ്പ് നൽകി.



