പ്രത്യേക ലേഖകന്‍
പി. ജയരാജന്‍ വല്ലാത്തൊരു ജനുസ്സാണ്. പറയുന്നത് പാര്‍ട്ടിക്ക് ഹിതമാണോ അഹിതമാണോ എന്നൊന്നും നോക്കില്ല. അങ്ങ് പറയും. വെട്ടൊന്ന് മുറി രണ്ട് എന്നാണ് രീതി. ആര്‍.എസ്.എസ് എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം നമ്മളും ചെയ്യണമെന്നാണ് പി. ജയരാജന്‍ തന്റെ അനുയായികളോട് പറയുന്നത്. സഖാവ് പറഞ്ഞാല്‍ അണികള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ ആവില്ല. ശ്രീകൃഷ്ണജയന്തിയിലൂടെയാണ് തുടക്കം. ശ്രീകൃഷ്ണജയന്തി ബാലഗോകുലത്തിന്റെ ആഘോഷമാണ്. ഏറെ കാലമായി ആര്‍.എസ്.എസും അനുബന്ധ ടീമുമാണ് അത് കൊണ്ടു നടക്കുന്നത്. ശോഭായാത്രയും പ്രസാദവിതരണവും ഭക്തിസാന്ദ്രമായ പ്രഭാഷണവും എല്ലാം ഉണ്ടാവും. അതങ്ങനെ ഒരു വശത്ത് നടക്കും. അതാണ് പതിവ്. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ജയരാജന്‍ സഖാവ് പറഞ്ഞു. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ശ്രീകൃഷ്ണനെ നമുക്കും ആരാധിക്കണം. അങ്ങനെ ജനകീയമായി ശോഭായാത്രയും മറ്റും നടത്തി. കണ്ണൂര്‍ അതിന് വേദിയായി. പാര്‍ട്ടിക്കകത്ത് ജയരാജന്റെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിച്ചു. പി.ജെ ആര്‍മി പാര്‍ട്ടിയില്‍ എതിരില്ലാത്ത സംഭവമായി. ഇതെല്ലാം ഒരാള്‍ ശരിക്കും വീക്ഷിക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല, സാക്ഷാല്‍ പിണറായി വിജയന്‍. അദ്ദേഹം പിന്നീട് എന്തെല്ലാം ചെയ്തു എന്നറിയില്ല. ഏതായാലും പാര്‍ട്ടിയില്‍ പി. ജയരാജന് വലിയ റോളില്ലാതെ വന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലൊന്നും ഇടം കിട്ടിയില്ല. ജയരാജനുമായി അടുപ്പമുള്ളവര്‍ക്കും പല തരത്തിലുള്ള പണി കിട്ടി. എന്നാല്‍ തന്റെ സ്വാധീനം ചെറുതല്ലെന്ന് ജയരാജന്‍ ദിനംപ്രതി അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന തസ്തികയില്‍ തന്നെ തളച്ചിടാന്‍ പിണറായിക്ക് സാധിക്കില്ലെന്ന് ജയരാജന്‍ സഖാവ് അനുദിനം വ്യക്തമാക്കുകയാണ്.
ഇന്നലെ പി. ജയരാജന്‍ വീണ്ടും വിശ്വാസത്തിന്റെ വെടി പൊട്ടിച്ചിരിക്കുകയാണ്. കര്‍ക്കടകവാവ് ദിനത്തിലെ പിതൃതര്‍പ്പണം സി.പി.എം അണികള്‍ ഏറ്റെടുത്ത് നടത്തണമെന്നാണ് പി.ജെ പറഞ്ഞിരിക്കുന്നത്. ഇതെന്തിനാണ് എന്ന് ആരും ചോദിക്കരുത്. ചോദിച്ചാലും ജയരാജന്റെ കൈയില്‍ മറുപടിയുണ്ട്. വിശ്വാസികളായ മനുഷ്യരെ വര്‍ഗീയമായ സങ്കുചിത അറകളില്‍ അടയ്ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അത് തടയണം. ആത്മാവിനെ മോചിപ്പിക്കണം. അതാണ് ജയരാജന്റെ ആഗ്രഹം. ഫെയ്സ് ബുക്ക് പോസ്റ്റ് വഴിയാണ് പി.ജയരാജന്റെ ആഹ്വാനം. കണ്ണൂരിലെ സന്നദ്ധസംഘടനയായ ഐ.ആര്‍.പി.സിയുടെ ഉപദേശകന്‍ കൂടിയാണ് ജയരാജന്‍. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്കും ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നവര്‍ക്കും സഹായം ചെയ്യുന്ന സംഘടനയാണിത്.സേവാഭാരതി പോലെ ചില സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിന് സമാനമായാണ് ജയരാജനും കൂട്ടരും സംഘടന ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ അനുമതിയോടെയാണിത്.
പിതൃതര്‍പ്പണത്തിന് ആളുകള്‍ എത്തുന്നിടങ്ങളിലെല്ലാം പാര്‍ട്ടി വളണ്ടിയര്‍മാരുടെ സഹായം ഉണ്ടാവണം. ഇതാണ് ആഹ്വാനം. വര്‍ഗീയവാദികള്‍ അവരുടെ ഭീകരമുഖം മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖവുമായി രംഗത്ത് വരുന്നുണ്ട്. ഇത് പൊളിച്ചടുക്കണം. അതാണ് ജയരാജന്‍ അനുയായികളോട് ആവശ്യപ്പെടുന്നത്.
പിതൃതര്‍പ്പണം ആരുടെയും കുത്തകയല്ല. മണ്‍മറഞ്ഞുപോയവരെ അനുസ്മരിക്കുന്നത് ഭൗതികവാദികളുടെയും പരിപാടിയാണ്. അതുകൊണ്ടാണല്ലോ നേതാക്കന്മാരെ അനുസ്മരിക്കുന്ന ദിനങ്ങള്‍ ആചരിക്കുന്നത്. അതുകൊണ്ടുതന്നെ പിതൃതര്‍പ്പണത്തിന് എത്തുന്നവരെ സഹായിക്കുന്നത് ഒരു മതപരമായ ചടങ്ങായി കാണാന്‍ പറ്റില്ല. രക്തസാക്ഷി മരിക്കില്ല തങ്ങളിലൂടെ ജീവിക്കുന്നു എന്നാണല്ലോ പറയുന്നത്.
ഏതായാലും ജയരാജന്റെ ഉപദേശം കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തു എന്നാണറിയുന്നത്. ഐ.ആര്‍.പി.സിയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. ബലികര്‍മങ്ങള്‍ക്ക് എത്തുന്നവര്‍ക്കായി ചായയും ലഘുഭക്ഷണവും ഒരുക്കുകയുണ്ടായി. വൈദ്യസഹായം വേണ്ടവര്‍ക്ക് അതും നല്‍കുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണ്. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മണ്‍മറഞ്ഞവരെയും പാര്‍ട്ടി അനുസ്മരിക്കുന്നു.
ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ആഹ്വാനങ്ങളില്‍ നിന്ന് ജയരാജന്‍ പിന്മാറണമെന്ന് ഒരു വിഭാഗം പറയുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇത് പറ്റില്ലെന്ന് പറയുന്നവരും കുറവല്ല. എന്നാല്‍ ജയരാജനെ അനുകൂലിക്കുന്നവരും ഉണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത്.
മരണാന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളില്‍ പാര്‍ട്ടി അംഗങ്ങള്‍
പങ്കെടുക്കുക പതിവില്ല. എന്തിന് ക്ഷേത്ര സന്ദര്‍ശനം പോലും പാര്‍ട്ടിക്കാര്‍ക്ക് പരസ്യമായി അനുവദനീയമല്ല. കോടിയേരിക്ക് കാടാമ്പുഴയില്‍ പൂമൂടല്‍ നടത്താന്‍ തടസ്സമില്ലെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ അതിനൊക്കെ ഏറെ ആലോചിക്കണം. അതിനിടെയാണ് പിതൃതര്‍പ്പണത്തിന്റെ മൂല്യബോധവുമായി പി. ജയരാജന്‍ അവതരിച്ചിരിക്കുന്നത്. ശ്രീകൃഷണജയന്തി വിഷയത്തില്‍ ആരെങ്കിലും തീഷ്ണമായി ഗുണദോഷിച്ചോ എന്നറിയില്ല. ഇവിടെയും അതാണ് സംഭവിക്കുന്നത്. ഏതായാലും തിരുത്തല്‍ശക്തിയായി ഇടക്കിടെ പി.ജയരാജന്‍ അവതരിക്കുന്നതില്‍ പാര്‍ട്ടി അണികള്‍ സന്തുഷ്ടരാണ്. അവര്‍ക്ക് ചിരിക്കാനും ചിന്തിക്കാനും ഉള്ള വക ജയരാജന്‍ സഖാവ് നല്‍കുന്നുണ്ടല്ലോ.



