കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരന്‍ എന്നിവരോടാണ് വിശദീകരണം തേടിയിട്ടുള്ളത്. കാവല്‍ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ കമ്പ്യൂട്ടര്‍ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് . അഡീഷണല്‍ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ ഉത്തരവ് നല്‍കുകയായിരുന്നു. കല്ല്യാണ വീട്ടില്‍ പൊലീസ്‌കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അറിവോടെയല്ലെന്ന് അഡീഷണല്‍ എസ് പി നേരത്തേ വ്യക്തമാക്കിയിരുന്നു.
കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നല്‍കിയതിനെതിരെ സേനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് എ ആര്‍ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നല്‍കിയത്. പൊലീസിനെ ആഢംബര വേദികളില്‍ പ്രദര്‍ശന വസ്തുവാക്കി മാറ്റരുതെന്ന് പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
പാനൂരിലെ പ്രവാസി വ്യവസായിയും ജ്വല്ലറി ഉടമയുമായ ആളുടെ മകളുടെ ജൂലൈ 31 നടന്ന നടന്ന കല്യാണത്തിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പൊലീസുകാരെ വിട്ട് നല്‍കിയത്. ഒരു പൊലീസുകാരന് 1400 രൂപ വീതം വാങ്ങിയാണ് പ്രവാസി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിട്ട് നല്‍കിയത്. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്നതിനും, ഉത്സവം സമ്മേളനം തുടങ്ങി നിരവധി പേര്‍ ചേരുന്ന ചടങ്ങുകള്‍ക്ക് പൊലീസിന്റെ സേവനം വിട്ട് നല്‍കുമ്പോള്‍ സംഘാടകരില്‍ നിന്നും പണമീടാക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ട്. ഇത് മറയാക്കിയാണ് ഒരു വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങിന് പൊലീസുകാരെ വിട്ട് നല്‍കി അഡീഷണല്‍ എസ് പി പി പി സദാനന്ദന്‍ ഉത്തരവിറക്കിയത്.



