ഗുവാഹാട്ടി: ശിവസേനയിലെ വിമതര്‍ ഗുവാഹാട്ടിയിലെ ഹോട്ടലില്‍ കഴിയുമ്പോള്‍ അവരെ സംരക്ഷിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ നിരവധി നല്ല ഹോട്ടലുകളുണ്ടെന്നും ആര്‍ക്കും അവിടെ വരാമെന്നും ശര്‍മ പറഞ്ഞു. ഏത് സംസ്ഥാനത്തെ എം.എല്‍.എമാര്‍ക്കും ഇവിടെ താമസിക്കാം. മഹാരാഷ്ട്രയിലെ വിമതര്‍ ഗുവാഹാട്ടിയില്‍ ഉള്ളതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അസം വലിയ പ്രളയക്കെടുതിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കോടികള്‍ ചെലവഴിച്ച് വിമത എം.എല്‍.എമാരെ അസം മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വിമത എം.എല്‍.എമാരെ ആദ്യം സൂറത്തിലെത്തിച്ച ശേഷമാണ് അവരെ ഗുവാഹാട്ടിയിലെ ഹോട്ടലിലേക്കെത്തിച്ചത്. അവിടെ നിന്നുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. വിരസതമാറ്റാന്‍ ചെസ്സ് കളിയടക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളും വന്നിരുന്നു.
എം.എല്‍.എമാര്‍ ചാടിപ്പോവാതിരിക്കാന്‍ ഇവര്‍ താമസിക്കുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ഏജന്‍സിയില്‍ നിന്ന് സുരക്ഷ പോലീസ് ഏറ്റെടുത്തിരുന്നു. സാധാരണക്കാരെ ഹോട്ടലിന് പരിസരത്ത് പോലും അടുപ്പിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളാണ്. നേരത്തെ താമസത്തിനായി മുറികള്‍ ബുക്ക് ചെയ്തവരെ മാത്രമാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്.



