കോഴിക്കോട് : ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടി ഏകപക്ഷീയമാണെന്നും അത് അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് പ്രൊഫ എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗം 16ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അബ്ദുല്‍വഹാബ് ഇന്നലെ എ.പി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമായി ആശയവിനിമയം നടത്തി. തന്റെ അടുത്ത അനുയായികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ മധ്യസ്ഥര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ മാനിക്കുകയോ ഇരു വിഭാഗത്തെയും കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും ഇരു വിഭാഗത്തില്‍ നിന്നും അഞ്ചു പേര്‍ വീതമുള്ള ഒരു അനുരജ്ഞന സമിതിയെ മധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തെരഞ്ഞെടുത്തിരുന്നു. ഈ സമിതിയെ വിളിച്ചു ചേര്‍ക്കാനും ചര്‍ച്ച നടത്താനുമുള്ള നിര്‍ദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായതെന്ന് അബ്ദുല്‍ വഹാബ് കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലാതെ സംസ്ഥാന വിഷയങ്ങളില്‍ അഖിലേന്ത്യാ കമ്മിറ്റി ഇടപെടരുതെന്ന് പോലും മധ്യസ്ഥ വ്യവസ്ഥയിലുണ്ടെന്നിരിക്കെ അഖിലേന്ത്യാ കമ്മറ്റിയുടെ നടപടി ദുരുദ്ദേശപരവുമാണ്.
സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവര്‍ത്തകരും ഈ തീരുമാനത്തിനെതിരാണെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. അതേസമയം, ഭരണഘടനാതത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് സാധിച്ചില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.



