രക്ഷിതാക്കളെ വിളിച്ചു വരുത്തി പിഴ ഈടാക്കി പൊലിസ്
കൂടരഞ്ഞി: മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഉറുമി പുഴയില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശികളായ ഇഹ്സാന്‍, ബാഹിര്‍, അഫ്‌സല്‍, അക്ബര്‍, മിര്‍സാബ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സുഹൃത്തുക്കളായ ഇവര്‍ ഉറുമി ജലവൈദ്യുത പദ്ധതിക്ക് താഴെ പുഴയില്‍ കുളിക്കാനിറങ്ങിയത്. വൈകുന്നേരത്തോടെ മഴ പെയ്യുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെ ഇവര്‍ പുഴയിലെ പാറക്കെട്ടില്‍ കയറി നില്‍ക്കുകയായിരുന്നു. പുഴയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ യുവാക്കള്‍ ബഹളം വയ്ക്കുകയും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ മുക്കം അഗ്‌നിരക്ഷാസേനയെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരെയും തിരുവമ്പാടി പൊലിസിനെയും വിവരമറിയിച്ചു. വടംകെട്ടി യുവാക്കളെ പുഴയുടെ മറുകരയില്‍ എത്തിച്ച് തിരുവമ്പാടി പഞ്ചായത്തിലെ ഓളിക്കല്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു. തിരുവമ്പാടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ രമ്യയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. തിരുവമ്പാടി പൊലിസ് സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്ത ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയക്കുകയായിരുന്നു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.മഴക്കാലത്ത് മലയോര മേഖലയിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് നിരോധനമുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും മുന്നറിയിപ്പുകള്‍ അവഗണിച്ച് അനധികൃതമായി പുഴയില്‍ ഇറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.



