തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് ആരോപണം. അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികള്‍ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ക്കു പരാതി നല്‍കി.
പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയിട്ടില്ലെന്നു പരാതിയില്‍ പറയുന്നു. അതേസമയം, നേതൃത്വം ഇടപെട്ടതോടെ ഇതില്‍ രണ്ടു ലക്ഷത്തോളം രൂപ പിന്നീടു പല തവണയായി കൈമാറിയെന്നു റിപ്പോര്‍ട്ടുണ്ട്. പരാതി പാര്‍ട്ടി നേതൃത്വത്തിനു മുന്നിലെത്തിയതോടെ നടപടിയുണ്ടാകുമെന്നാണു വിവരം.
പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയര്‍ സെന്ററും’ ആംബുലന്‍സ് സര്‍വീസും തുടങ്ങുന്നതിനായാണു ഫണ്ട് പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്.
ഇതുപ്രകാരം ഒരു വര്‍ഷം മുന്‍പ് പൊതുജനങ്ങളില്‍നിന്നായി പിരിച്ച 11 ലക്ഷത്തിലധികം രൂപ മേല്‍ക്കമ്മിറ്റിക്കു കൈമാറിയിരുന്നു. ബാക്കി അഞ്ച് ലക്ഷത്തോളം രൂപ ആംബുലന്‍സ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചതാണ് പരാതിക്കു കാരണമായത്. അന്ന് പാളയം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഷാഹിനാണു പണം കൈവശം വച്ചിരുന്നത്. ഷാഹിന്‍ പിന്നീട് ജില്ലാ വൈസ് പ്രസിഡന്റായി.
അതേസമയം, ആരോപണവിധേയനായ ഷാഹിനെ ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ സംരക്ഷിക്കുകയാണെന്നു മേഖലാ കമ്മിറ്റികള്‍ക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നേരിട്ട് സിപിഎം നേതൃത്വത്തിനു പരാതി നല്‍കിയത്.



