തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ എന്ന് പരിശോധന നടക്കുകയാണെന്നും സമയമാകുമ്പോള്‍ എല്ലാം അറിയിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ സഭാ ടിവിയുമായി സഹകരിക്കുന്ന ബിട്രെയിറ്റ് സൊലൂഷന്‍സിന്റെ കരാര്‍ റദ്ദാക്കിയേക്കും. അനിതയെ നിയമസഭക്ക് അകത്ത് എത്തിച്ചത് ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് വിവരം. നിയമ സഭ ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് അധികം വൈകാതെ സ്പീക്കര്‍ക്ക് കൈമാറും.
ലോക കേരള സഭക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സുരക്ഷയും മറികടന്ന് അനിതാ പുല്ലയില്‍ സഭാസമ്മേളന വേദിയായ നിയമസഭ സമുച്ചയത്തില്‍ എത്തിയതും സഭ സമ്മേളിച്ച മുഴുവന്‍ സമയവും അവിടെ ചെലവഴിച്ചതും വലിയ നാണക്കേടായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. പാസ് നല്‍കിയിരുന്നില്ലെന്ന് നോര്‍ക്കയും പറയുന്നു. അതിഥിയല്ലാത്ത അനിത പാസില്ലാതെ എങ്ങനെ ആര്‍ക്കൊപ്പം നിയമസഭയില്‍ കയറിയെന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
സഭ ടിവിയുടെ ഒടിടി കരാറെടുത്ത ബിട്രെയിറ്റ് സൊലൂഷന് സാങ്കേതിക സഹായം നല്‍കുന്ന പ്രവീണ്‍ എന്നയാളും അനിതാ പുല്ലയിലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും ബിട്രെയിറ്റ് സൊലൂഷന്‍ ഡയറക്ടര്‍ സഭക്കകത്ത് അനിതക്ക് ഒപ്പം ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരമുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും നടപടി. പ്രത്യേക പാസ് അടക്കം കര്‍ശന വ്യവസ്ഥ വച്ചിട്ടും അനിതയെ പോലൊരാള്‍ അകത്ത് കയറിയതെങ്ങനെ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരും. എല്ലാം പരിഗണിച്ച ശേഷമാകും നടപടിക്കാര്യത്തില്‍ സ്പീക്കറുടെ തീര്‍പ്പ്.



