കോഴിക്കോട്: അതിഥി തൊഴിലാളിയെ ആക്രമിച്ച് പണം കവര്‍ന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായ ബംഗാള്‍ സ്വദേശി നസറുദ്ദീനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ തലക്കുളത്തൂര്‍ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടില്‍ മുഹമ്മദ് ഫസല്‍(30), പന്നിയങ്കര അര്‍ഷാദ് മന്‍സില്‍ അക്്ബര്‍അലി(25), അരക്കിണര്‍ പി.കെ ഹൗസില്‍ അബ്ദുല്‍ റാഷിദ്(25) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴായിരം രൂപ മുഹമ്മദ് ഫസലിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നസറുദ്ദീനെ നാലംഗ സംഘം ആക്രമിക്കുകയും പണം കവര്‍ന്നെടുക്കുകയുമായിരുന്നു.
പരാതിക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നുപേര്‍ പിടിയിലായത്. ഒരാളെ കിട്ടാനുണ്ട്.
മോഷ്ടിച്ച പണം ശരീരത്തില്‍ ഒളിപ്പിച്ചത് കണ്ടെത്താന്‍ പൊലീസ് മുഹമ്മദ് ഫസലിനെ ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഏഴായിരം രൂപ കണ്ടെടുക്കാന്‍ സാധിച്ചു. ബാക്കി പണം പിടിയിലാവാനുള്ള പ്രതിയുടെ കൈയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
കസബ എസ്.ഐമാരായ വി.പി ആന്റണി,എം. ജയന്ത്, സി.പി.ഒ ടി.കെ വിഷ്ണുപ്രഭ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.



