കോഴിക്കോട്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് നടന്ന കോര്‍പറേഷന്‍ കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ യോഗം യു.ഡി.എഫും ബഹിഷ്‌കരിച്ചു. അടിയന്തര പ്രമേയവും ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും ഒഴിവാക്കി അജണ്ടയിലെ ഇനങ്ങള്‍ മാത്രം പാസാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ബി.ജെ.പി അംഗങ്ങള്‍ തുടക്കത്തില്‍ പങ്കെടുത്തെങ്കിലും തങ്ങള്‍ നല്‍കിയ അടിയന്തര പ്രേമേയം ചര്‍ച്ചക്കെടുക്കുന്നില്ലെന്ന് വ്യക്തമായതോടെ വിട്ടുപോയി. കൊവിഡ് മരുന്ന് കിട്ടാത്തതിനെപ്പറ്റിയായിരുന്നു പ്രതിപക്ഷനേതാവ് കെ.സി ശോഭിത അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കൊവിഡ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി അംഗം ടി. റെനീഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ 200 പേര്‍ പങ്കെടുക്കുമ്പോള്‍ 75 കൗണ്‍സിലര്‍മാര്‍ പങ്കെടുക്കുന്ന യോഗം ഓണ്‍ലൈനായി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സി ശോഭിതയും പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന്‍കോയയും പറഞ്ഞു. ടാഗോര്‍ ഹാളില്‍ യോഗം നടത്തുമെന്നാണ് തിങ്കളാഴ്ച അറിയിച്ചിരുന്നത്. പിന്നീട് ഓണ്‍ലൈനായി മാറ്റുകയായിരുന്നു. പ്രോവിഡന്‍സ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനും അംഗം മുരളീധരനും മറ്റും നടത്തിയ അതിക്രമം സംബന്ധിച്ച് ്അല്‍ഫോന്‍സാ മാത്യുവും കോര്‍പറേഷന്‍ ഓഫീസിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി. ഉഷാദേവിയും ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് യോഗം നടത്തിയത്. പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, യോഗം ഓണ്‍ലൈനായി നടത്താനും അടിയന്തരപ്രമേയങ്ങളും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കാനും കൊവിഡ് പശ്ചാത്തലത്തില്‍ നേരത്തെ തീരുമാനിച്ചതായിരുന്നു എന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.



