സൂപ്പി വാണിമേൽ
മംഗളൂരു:തലച്ചോറിലെ മുഴ മസ്തിഷ്ക മരണത്തിലേക്ക് തള്ളിയ നാഗമ്മയുടെ ആന്തരാവയവങ്ങൾ ഇനി അഞ്ചു പേരിൽ തുടിക്കും.മലവള്ളി ഗ്രാമത്തിൽ നിന്നുള്ള ഈ 45 കാരി കുടുംബിനിയുടെ ആന്തരാവയങ്ങൾ മൈസൂറു അപ്പോളോ ബി.ജി.എസ് ആശുപത്രിയിൽ വിജയകരമായി ശേഖരിച്ചു.രണ്ടു വൃക്കകൾ,കരൾ,ഹൃദയ വാൾവുകൾ,നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ ഭർത്താവും മക്കളും സമ്മത പത്രം ഒപ്പിട്ടു നൽകി.
മലവള്ളി ഗവ.ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ചയാണ് ബ്രയിൻ ട്യൂമർ തുടർ ചികിത്സക്കായി അപ്പോളോവിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.അത്യാസന്ന അവസ്ഥയിൽ എത്തിപ്പോയിരുന്നു.നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു.എന്നാൽ അവർക്ക് മസ്തിഷ്ക മരണം സംഭവിച്ചു.
വൃക്കകൾ കാത്ത് രണ്ടു രോഗികൾ അതേ ആശുപത്രിയിൽ തന്നെയുണ്ടായിരുന്നു.കരളും ഹൃദയ വാൾവുകളും ബംഗളൂറു എച്ച്.എ.എൽ മണിപ്പാൽ ആശുപത്രിയിലെ രോഗികൾക്കാണ്.നേത്രപടലങ്ങൾ മൈസൂറു ഐ ബാങ്കിന് നൽകി.



