കോഴിക്കോട്: മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കോഴിക്കോട് കോര്‍പറേഷന്‍ വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. പദ്ധതി ആസൂത്രണത്തിന്റെയും ഭരണനിര്‍വഹണത്തിന്റെയും മികവാണ് വീണ്ടും കോര്‍പറേഷനെ സ്വരാജ് ട്രോഫി കരസ്ഥമാക്കാന്‍ സഹായിച്ചത്. വികസനഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, പദ്ധതി വിഹിതം എന്നിവയില്‍ 80 ശതമാനം ചെലവഴിച്ചാണ് നേട്ടം സ്വന്തമാക്കിയത്. നികുതി പിരിവില്‍ 60 ശതമാനം നേടാന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം കാര്യക്ഷമമായി നടപ്പാക്കാന്‍ കോര്‍പറേഷ് സാധിച്ചു. അഗതി,ആശ്രയ പദ്ധതി, ജനകീയ ഹോട്ടല്‍ പദ്ധതി, സാമൂഹിക സുരക്ഷിതത്വ പദ്ധതി എന്നിവ അവയില്‍ ചിലതാണ്. ഇതിലെല്ലാം 90 ശതമാനത്തിലധികം ഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞു. 20 രൂപക്ക് ഊണ് ലഭിക്കുന്ന 13 ഹോട്ടലുകളാണ് കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് കാലത്തെ ആശ്വാസപ്രവര്‍ത്തനങ്ങളിലും കോര്‍പറേഷന്‍ മുന്‍നിരയിലായിരുന്നു. രോഗബാധിതര്‍ക്ക് ചികിത്സ നല്‍കാനും മറ്റും സാധിച്ചു. കമ്യൂണിറ്റി കിച്ചണ്‍ മാതൃകാപരമായി നടത്താന്‍ കഴിഞ്ഞതും നേട്ടമായി. കമ്യൂണിറ്റി ഹാളുകളുടെ നവീകരണവും ശ്രദ്ധേയമായി. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയില്‍ ഒപ്പുവെച്ചതും അംഗീകാരത്തിന്റെ പട്ടികയില്‍ പെടാനുള്ള ചൂണ്ടുപലകയായി. അമൃത്പദ്ധതി വഴി എസ്‌കലേറ്റര്‍ കം മേല്‍പ്പാലം പണിതതും വികസനവഴിയില്‍ നാഴികക്കല്ലായി.
കോര്‍പറേഷനിലെ മുഴുവന്‍ തെരുവുവിളക്കുകളും എല്‍.ഇ.ഡിയായി മാറ്റിയതാണ് മറ്റൊരു വികസനം. നേരത്തെ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിന് 45 ലക്ഷം രൂപയായിരുന്നു ചെലവ്. ഇപ്പോള്‍ എല്‍.ഇ.ഡി ആയതോടെ അത് 13 ലക്ഷമായി കുറഞ്ഞു. തെരുവുവിളക്കുകള്‍ 50 ശതമാനം മാത്രമെ മുന്‍കാലങ്ങളില്‍ കത്തിയിരുന്നുള്ളു. ഇതിന്റെ പേരില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ തര്‍ക്കം പതിവായിരുന്നു. ഇപ്പോഴാകട്ടെ 90 ശതമാനം വിളക്കുകളും കത്തുന്നുണ്ട്. ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയതും പൗരാവകാശരേഖ പ്രസിദ്ധീകരിച്ചതും നികുതി ഓണ്‍ലൈന്‍ ആക്കിയതും അംഗീകാരത്തിനുള്ള കാരണങ്ങളാണ്. ഇപ്പോഴത്തെ തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് അംഗീകാരത്തിന് കാരണമായ വികസന പ്രവര്‍ത്തനങ്ങള്‍ പലതും നടന്നത്.
സ്വരാജ് ട്രോഫിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും കോര്‍പറേഷന് വെല്ലുവിളികള്‍ ഏറെയുണ്ട്. ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌കരണ പദ്ധതി ഇനിയും തുടങ്ങാനായിട്ടില്ല. അമൃത് പദ്ധതിയുടെ ഭാഗമായി കോതിയിലും ആവിക്കല്‍തോടിലും തുടങ്ങാനിരിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും ആശങ്കയിലാണ്. പരിസരവാസികള്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. 135 കോടി ചെലവില്‍ നടപ്പാക്കുന്ന പ്രോജക്ടിന്റെ ഗുണവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും പ്രക്ഷോഭവും തുടരുകയാണ്. രണ്ടാഴ്ച മുമ്പ് വലിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. നാട്ടുകാരുടെ പേരില്‍ കേസെടുക്കകയുമുണ്ടായി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ആയിട്ടില്ല. ഏതായാലും പുതിയ അംഗീകാരം കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നാണ് കരുതുന്നത്.



